November 30, 2010

wikileaks : ബാക്കി പത്രം



വാര്‍ത്തകള്‍ അറിയുവാനുള്ള പൊതു സമൂഹത്തിന്റെ ആകാംക്ഷയില്‍ പടുത്തുയര്തപ്പെട്ട മാധ്യമ ലോകം ഇപ്പോള്‍ wikileaks എന്ന വെബ്സൈറ്റ് വഴി പുറത്തു വന്ന രഹസ്യ (?) രേഖകള്‍ക്ക് പിന്നാലെയാണ് . തങ്ങള്‍ക്കു ലഭിക്കാത്തത് മറ്റൊരാള്‍ക്ക് ലഭിച്ചു എന്ന കൊതിക്കെറുവല്ല  കാരണം , മറിച്ചു wikileaks പുറത്തു വിട്ട രേഖകളുടെ സ്ഫോടനാത്മക സ്വഭാവം തന്നെ കാരണം .
രഹസ്യരേഖകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നാലു വര്‍ഷം മുമ്പു സ്‌ഥാപിതമായതാണ്‌ wikileaks എന്ന സംഘടന. ഇറാഖ്‌, അഫ്‌ഗാന്‍ യുദ്ധങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ രഹസ്യ സൈനികരേഖകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതോടെ അവര്‍ രാജ്യാന്തരശ്രദ്ധ നേടി. ഇതുവരെ പത്തുലക്ഷത്തിലേറെ രേഖകള്‍ പുറത്തുവിട്ട വിക്കിലീക്‌സ് ചെറിയ കാലയളവില്‍ സ്വന്തമാക്കിയ പുരസ്‌കാരങ്ങള്‍ എണ്ണമറ്റതാണ്‌. നേരത്തേതന്നെ അമേരിക്കയ്‌ക്കു തലവേദനയായ വിക്കിലീക്‌സ് ഇത്തവണ പരസ്യമാക്കിയ നയതന്ത്ര വെളിപ്പെടുത്തലുകള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ മുഖം നഷ്‌ടമാക്കിയിരിക്കുന്നു. അമേരിക്കയുടെ വിദേശബന്ധങ്ങള്‍ ഉലച്ചേക്കാവുന്ന രേഖകള്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വിക്കിലീക്‌സിന്റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു. വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലൂടെയാണ്‌ ഇപ്പോള്‍ രണ്ടര ലക്ഷത്തോളം രേഖകള്‍ അവര്‍ പരസ്യമാക്കിയത്‌.

സത്യസന്ധമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു എന്ന് നമ്മള്‍ കരുതിയിരുന്ന കാലത്താണ് മാദ്ധ്യമങ്ങളില്‍ 'Exclusive' ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് .Investigative journalism എന്നൊരു വാക്ക് പോലും നമ്മള്‍ വ്യാപകമായി കേട്ട് തുടങ്ങിയത് അക്കാലത്താണ് .  അത് വരെ നമ്മള്‍ വിശ്വസിച്ചിരുന്ന പല വാര്‍ത്തകളും അസത്യമായിരുന്നു എന്ന് മനസ്സിലായത്‌ 'Exclusive' കളുടെ വേലിയേറ്റത്തിലൂടെയാണ് . അധികാരി വര്‍ഗ്ഗത്തിന്റെ നെറികേടുകള്‍ പുറം ലോകം പച്ചയായി കാണുന്നതിനു നമ്മള്‍ സാക്ഷികളായി .Exclusive വാര്‍ത്തകള്‍ക്ക് പിന്നില്‍ പലപ്പോഴും മാധ്യമ പ്രവര്‍ത്തകരും ചില അധികാര വര്‍ഗ്ഗ ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് വ്യക്തമായതോടെയാണ് 'Exclusive' തരംഗം 'Impact'വാര്‍ത്തകള്‍ക്ക് വഴിമാറിക്കൊടുത്തത് .
ഇത്തരം മാറ്റങ്ങള്‍ക്കു പിന്നില്‍ വാര്‍ത്താ മാദ്ധ്യമങ്ങള്‍ തമ്മിലുള്ള കിട മല്‍സരങ്ങള്‍ ഒരു മുഖ്യ ഘടകമായിട്ടുണ്ട് .
തങ്ങളുടെ പത്ര സ്ഥാപനത്തെ പ്രചാര വര്‍ദ്ധനവില്‍ മുന്‍ നിരയില്‍ എത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മാത്രമാണ് പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നില്‍ പ്രവര്തിചിട്ടുണ്ടാകുക . നീരാ റാഡിയ ,ബര്ഖ ദത്ത്‌ വിവാദങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുതുന്നത് അതിനും അപ്പുറമുള്ള കൂട്ട് കെട്ടുകളുടെ സാദ്ധ്യതകളാണ് .

Wikileaks പോലുള്ള പുതിയ മാധ്യമ സംസ്കാരത്തിന്റെ തുടക്കം ഇത്തരം മാദ്ധ്യമ കിടമല്സരങ്ങളും അവിശുദ്ധ കൂട്ട് കെട്ടുകളും വാര്‍ത്തകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ നിന്നാണ് .

എന്നാല്‍ ഇതിനൊരു മറുവശം കൂടിയുള്ളത് നമ്മള്‍ കണ്ടേ തീരൂ ...
വ്യവസ്ഥാപിത മാദ്ധ്യമ ലോകം നിയന്ത്രണങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിക്കുവാന്‍ ബാധ്യസ്ഥരാണ് . Wikileaks പോലുള്ളവയ്ക്ക് അത്തരം നിയന്ത്രണങ്ങള്‍ ബാധകമാകുന്നില്ല എന്നാണു പരക്കെ ആക്ഷേപിക്കപ്പെടുന്നത് . അവയുടെ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക്‌ ഹിതകരമാകുന്നത് വാര്‍ത്തകളുടെയും തെളിവുകളുടെയും  ഇത്തരം രഹസ്യ സ്വഭാവം  കൊണ്ടാണ് . അവ എങ്ങനെ Wikileaks അറിഞ്ഞു എന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല . ഏതൊരാള്‍ക്കും ഇന്റര്‍നെറ്റ്‌ വഴി Wikileaks നു വാര്‍ത്തകളും തെളിവുകളും നല്‍കാം .അത് Wikileaks തങ്ങളുടേതായ രീതിയില്‍ അന്വേഷിച്ചു ഉറപ്പു വരുത്തും എന്നാണ് അവര്‍ അവകാശപ്പെടുന്നത് .എന്നാല്‍ സാധാരണ പത്ര പ്രവര്‍ത്തകര്‍ക്ക് വിലക്കുള്ള രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും തെളിവുകളുമാണ് Wikileaks പലപ്പോഴും പുറത്തു വിടുന്നത് . ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിക്ഷ്പക്ഷത അവകാശപ്പെടാം എങ്കിലും ജേര്‍ണലിസ്റ്റ്‌ എന്ന പദവിയുടെ ഉത്തരവാദിത്വങ്ങളുടെ പരിധിയില്‍ അവ പെടുമോ എന്ന് കൂടി ആലോചിക്കേണ്ടതുണ്ട് .അമേരിക്കയുടെ എമ്പസ്സികളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളായത് കൊണ്ട് നമ്മള്‍ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു .നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ട ഏതെന്കിലും രഹസ്യ രേഖകള്‍ ഏതെന്കിലും ഒരുദ്യോഗസ്ഥന്‍ ചോര്‍ത്തി കൊടുക്കുകയും Wikileaks അത് പുറത്തു വിടുകയും ചെയ്‌താല്‍ നമ്മള്‍ കയ്യടിക്കുമോ ? അത് വഴി നമ്മുടെ രാജ്യത്തിന് ലോകത്തിനു മുന്‍പില്‍ ഉണ്ടാകാവുന്ന മാന ഹാനി , പ്രത്യാഘാതങ്ങള്‍... നാം ആലോചിക്കെണ്ടേ ..?


രഹസ്യ രേഖകള്‍ ചോര്‍ത്തിയെടുത്തു പ്രസിദ്ധീകരിക്കുന്നതല്ല ജേര്‍ണലിസം . തങ്ങള്‍ക്കു അനുവദിച്ചു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി    'സത്യത്തിന്റെയും, നീതിയുടെയും,  വിശ്വാസ്യതയുടെയും '   വെളിച്ചത്തിലിരുന്നു പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകരും പത്ര ഉടമകളുമാണ് ലോകത്തിനാവശ്യം .അത്തരത്തിലുള്ള പത്ര പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്ന് പൊതു സമൂഹത്തെ മനസ്സിലാക്കി കൊടുക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് Wikileaks പോലുള്ളവര്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യത .

4 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനം എന്ന നിലയില്‍ ശ്രദ്ധേയമായിട്ടുള്ള ബ്ലോഗുകള്‍ പോലും നിയന്ത്രണങ്ങള്‍ അംഗീകരിക്കുന്നു എന്നാണു എന്റെ വിശ്വാസം .ലോകത് പലയിടത്തും നടന്ന (ഉദാഹരണത്തിന് ഇറാക്കില്‍ ) പല ഭീകരതകളും മനുഷ്യാവകാശ ലംഘനങ്ങളും പുറം ലോകം അറിഞ്ഞത് ബ്ലോഗുകള്‍ വഴി കൂടിയാണ് . തങ്ങളുടെ സൈറ്റ് ഹാക്ക്‌ ചെയ്യപ്പെടുകയോ ,ബ്ലോക്ക്‌ ചെയ്യപ്പെടുകയോ ചെയ്യപ്പെടുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ
    Wikileaks അവസാനം വെളിപ്പെടുത്തലുകള്‍ പുറത്തു വിടുവാന്‍ അഞ്ചു പ്രധാന മുഖ്യ ധാര മാധ്യമങ്ങളെ സമീപിച്ചു എന്നാണു വാര്‍ത്ത . അത് സാധിക്കുകയും ചെയ്തു . എന്ത് കൊണ്ട് അത്തരം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അതിനു തയ്യാറായി എന്നത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് കരുതുന്നു ...

    ReplyDelete
  2. പണ്ട് ഞാന്‍ വായിച്ചിരുന്ന പത്രം മനോരമ ആയിരുന്നു ... അന്ന് ഞങ്ങളുടെ നാട്ടില്‍ എത്തിപ്പെടാന്‍ മാത്രം സംവിധാനങ്ങള്‍ ഉണ്ടായിരുന്നതും അവര്‍ക്ക് തന്നെ . എന്നാല്‍ ഇന്ന് അഞ്ചിലധികം പ്രമുഖ പത്രങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍ ആര്‍ക്കും വേണ്ടാതെ ചുരുട്ടി ഇട്ടിരിക്കുന്നു ... അതാണ്‌ മാറ്റം .എണ്ണം കൂടിയപ്പോള്‍ ആര്‍ക്കും വേണ്ടാതായി . ഒരേ വാര്‍ത്ത തന്നെ പലവിധത്തില്‍ വായിച്ചു ബുദ്ധിമുട്ടേണ്ട എന്ന് കരുതിയാണ് പലരും വായിക്കാന്‍ തന്നെ മടിക്കുന്നത് . wikileaks പോലുള്ള നവ മാധ്യമ രംഗത്ത് ഇനി എണ്ണം കൂടാന്‍ പോകുന്നതെ ഉള്ളൂ .. ഒരു പക്ഷെ wikileaks നിര്‍ത്തി പോയാല്‍ തന്നെ അവിടെ കോര്‍പ്പറേറ്റ്‌ ബിനാമികള്‍ മറഞ്ഞിരുന്നു നമ്മുടെ വായനയെ കയ്യിലെടുക്കാം ... അതാണ്‌ അവരുടെ തന്ത്രവും .. അത് കൊണ്ട് തന്നെ ഇത്തരം നവ മാദ്ധ്യമങ്ങള്‍ക്ക് ആയുസ്സും വളരെ കുറയാനാണ് സാദ്ധ്യത . വൈകാതെ ആഗോള കുത്തക ഭീമന്മാരും ഈ രംഗത്ത് ആധിപത്യമുറപ്പിക്കുന്നത് നമുക്ക് കാണേണ്ടി വരും

    ReplyDelete
  3. വീക്ഷണത്തോട് യോജിക്കുന്നു.

    ReplyDelete

new old home
 
back to topGet This