September 14, 2010

പ്രവാചക നിന്ദ ആസ്വദിക്കുന്നവര്‍ അറിയാന്‍


മംഗളം ദിന പത്രം (കത്തുകള്‍ ) 14.09.2010



കേരളത്തിലെ ഏറ്റവും ജന സ്വാധീനം അവകാശപ്പെടുന്ന പത്രങ്ങളില്‍ ഒന്നാണ് മംഗളം . കെ എം റോയ്‌ ആകട്ടെ അതില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏറ്റവും പ്രമുഖരായ പത്ര പ്രവര്‍ത്തകരില്‍ ഒരാളും . എം സി വര്‍ഗ്ഗീസ് എന്ന സ്ഥാപക പത്രാധിപരുടെ മികവുറ്റ സംഘാടനത്തിന്റെ തണലില്‍ കേരളീയ സമൂഹത്തിന്റെ അംഗീകാരം നേടിയെടുത്ത പത്രമാണ് മംഗളം .ചെറു പ്രായത്തില്‍ തന്നെ മംഗളം , മനോരമ പത്രങ്ങളും വാരികകളും വായിച്ചു തുടങ്ങിയ അനുഭവം വെച്ച് പറയട്ടെ സത്യസന്ധമായും നിര്‍ഭയമായും വാര്‍ത്തകള്‍ കൊടുക്കുവാന്‍ മംഗളം പത്രം ശ്രമിക്കാറുണ്ട് .


എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാദ്ധ്യമ ലോകത്തെ കിട മല്‍സരം നമ്മുടെ മാദ്ധ്യമങ്ങളെ പല അരുതുകളുടെയും പരിധികള്‍ ലംഘിക്കുവാന്‍ പ്രേരിപ്പിക്കാറുണ്ട് എന്നത് പച്ചയായ സത്യമാണ് .ഒരു പത്രവും അതിനു അപവാദമല്ല .


അത് കൊണ്ട് തന്നെ സമൂഹ മദ്ധ്യത്തിലേക്ക് ഇറങ്ങി ചെന്ന് അവരുമായി സംവദിച്ചു വാര്‍ത്തകള്‍ കൊടുത്തിരുന്ന പത്ര പ്രവര്തകരെക്കാള്‍ അടച്ചിട്ട റൂമില്‍ ഇരുന്നു ഭാവനയില്‍ നിന്നും ഊഹാപോഹങ്ങള്‍ സൃഷ്ടിചെടുത്തു വാര്തകളാക്കുന്ന പത്രപ്രവര്തകരാണ് കൂടുതല്‍ ഇപ്പോഴുള്ളത് എന്നതില്‍ തര്‍ക്കമുണ്ടാകുമെന്നു കരുതുന്നില്ല .


ക്രിസ്തീയ വിശ്വാസികളുടെ പത്രമെന്നു പരക്കെ വിശേഷിപ്പിക്കപ്പെട്ട 'ദീപിക' ദിനപത്രത്തിന്റെ സഹോദര പ്രസിദ്ധീകരണമായ 'രാഷ്ട്രദീപിക'യാണ്(സായാഹ്ന പത്രം ) സദാചാര മൂല്യങ്ങള്‍ ( അല്ലെങ്കില്‍ നമ്മുടെ സങ്കല്‍പ്പത്തിലുള്ള പത്ര ധര്‍മ്മങ്ങള്‍ )പരസ്യമായി ലംഘിച്ചു കൊണ്ട് അവസാന പേജില്‍ നഗ്ന ചിത്രങ്ങള്‍ ചേര്‍ത്ത് വിപണി പിടിക്കുവാന്‍ നോക്കിയത് . അതിന്റെ ചുവടു പിടിച്ചു മറ്റു പലരുംരംഗതിറങ്ങിയത് നമ്മള്‍ കണ്ടതാണ് .എന്നാല്‍ പ്രതിഷേധം വ്യാപകമായപ്പോള്‍ അവര്‍ അത് നിര്‍ത്തി .പിന്നെ പയറ്റിയ തന്ത്രം മുന്‍പേജില്‍ ചില പ്രത്യേക വാക്കുകള്‍ 'വെണ്ടയ്ക്ക' ആയി നിരത്തി ആളുകളില്‍ ഉദ്വേഗം വളര്‍ത്തി പത്രം വില്‍ക്കലാണ് . ഇന്ന് കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ 'വെണ്ടയ്ക്ക'യുടെ സാധ്യതകള്‍ കഴിയുന്നത്ര ഉപയോഗിക്കുന്നുണ്ട് . മുന്‍ പേജിലെ 'വെണ്ടയ്ക്ക' യാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് തെറ്റിദ്ധരിച്ചു നാലാള്‍ കൂടുന്നിടത്തൊക്കെ വിവരമില്ലാത്തവര്‍ അത് ഏറ്റു പിടിച്ചു സമൂഹത്തില്‍ കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുവാന്‍ ശ്രമിക്കാറുണ്ട്‌.


മുന്‍  പേജിലെ വെണ്ടയ്ക്കക്ക് വേണ്ടി അടുത്ത് സംഭവിച്ചതും എന്നാല്‍ ജനങ്ങള്‍ മറക്കുവാന്‍ ആഗ്രഹിക്കുന്നതുമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും ഇപ്പോള്‍ കിട്ടിയ വാര്‍ത്ത എന്ന മട്ടില്‍ എഴുതി വിടുകയും ചെയ്യുന്ന പതിവ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് സംശയ ലെശമെന്യേ പറയട്ടെ ,അത് മംഗളം പത്രത്തിലാണ് .


പത്രം ചിലവാക്കുവാന്‍ 'വെണ്ടയ്ക്ക' ചേര്‍ക്കുമ്പോള്‍ അത് ലോകത്തെ മറ്റേതൊരു രാജ്യത്തില്‍ നിന്നും വിഭിന്നമായി വിവിധ മത വിശ്വാസികള്‍ ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നമ്മുടെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിലെ വിവിധ മത വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കാവുന്ന ചേരി തിരിവുകളും മുതലെടുപ്പുകളും വീണ്ടും ഒരു 'വെണ്ടയ്ക്ക' കൊണ്ട് പരിഹരിക്കുവാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മറക്കരുത് .


അധിക വായനക്ക് 

1 പ്രതികരണങ്ങള്‍:

  1. പത്രം ചിലവാക്കുവാന്‍ 'വെണ്ടയ്ക്ക' ചേര്‍ക്കുമ്പോള്‍ അത് ലോകത്തെ മറ്റേതൊരു രാജ്യത്തില്‍ നിന്നും വിഭിന്നമായി വിവിധ മത വിശ്വാസികള്‍ ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന നമ്മുടെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിലെ വിവിധ മത വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കാവുന്ന ചേരി തിരിവുകളും മുതലെടുപ്പുകളും വീണ്ടും ഒരു 'വെണ്ടയ്ക്ക' കൊണ്ട് പരിഹരിക്കുവാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം മറക്കരുത് .

    ReplyDelete

new old home
 
back to topGet This